Monday, July 25, 2011

സാൾട്ട് & പെപ്പറും കുറേ ഫെമിനിസ്റ്റ് ചിന്തകളും

ആഷിക് അബു എന്ന പുതുതലമുറ സംവിധായകന്റെ സാൾട്ട് &പെപ്പർ എന്ന സിനിമ തീയറ്ററുകളിൽ പ്രേക്ഷകർ ആർത്തിയോടെ സ്വീകരിച്ചിരിക്കുന്നു. രുചികരമായ ഭക്ഷണം ചൂടോടെ കാണിച്ചു പ്രേക്ഷകനെ കൊതിപ്പിച്ച സിനിമ എല്ലാത്തരത്തിലുള്ള പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നതായി മാറി.ചിത്രത്തെപ്പുകഴ്തിയും ഇകഴ്ത്തിയും വളരെയധികം റിവ്യൂകൾ വന്നുകഴിഞ്ഞ സ്ഥിതിയ്ക്കു ഇതിനെക്കുറിച്ചു പുതിയതായി ഞാനെന്താണു പറയാൻ പോകുന്നതെന്നായിരിക്കും ഇതു വായിക്കുന്നവർ ചിന്തിക്കുക.എനിക്കു പറയാനുള്ളതു ഈ ചിത്രം മുന്നോട്ടു വെയ്ക്കുന്ന ചില ഫെമിനിസ്റ്റ് ചിന്തകളെക്കുറിച്ചാണു.



                                        ആർക്കിയോളജിസ്റ്റും ഭക്ഷണപ്രിയനുമായ കാളിദാസനും(ലാൽ) ഡബ്ബിംഗ് ആർട്ടിസ്റ്റായ മായയും (ശ്വേതാമേനോൻ) യാദൃശ്ചികമായി ജീവിതവഴികളിൽ കണ്ടുമുട്ടുന്നതാണു ചിത്രത്തിലെ പ്രധാന പ്രമേയം.“പ്രേമം എപ്പോഴും പൈങ്കിളിയാണ് ” എന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ അല്പം പ്രയാസമുള്ള ആളായി മായയെയും ഒരു ബാച്ചിലറുടെ മുരടൻ ജീവിതം നയിക്കുന്ന കാളിദാസനെയും സംവിധയാകൻ നമുക്കു പരിചയപ്പെടുത്തുന്നു.ഉച്ചയ്ക്കു വിശപ്പു വന്നപ്പോൾ അമ്മയുണ്ടാക്കിയ ദോശയെപ്പറ്റി ഓർത്ത മായ ഹോട്ടലാണെന്നു കരുതി നമ്പർ മാറി കാളിദസന്റെ പുതിയ മൊബൈൽ ഫോണിലേയ്കു വിളിക്കുന്നതോടെയാണു അവർ പരിചയപ്പെടുന്നത്‌.സംഭാഷണം ഒരു ഉടക്കു ലൈനിലേയ്ക്കു  പോകുമ്പോൾ കാളിദാസൻ 
“കളിക്കല്ലേ കളിച്ചാൽ തീറ്റിക്കും ഞൻ പുളിമാങ്ങ” 
എന്നു പറയുന്നു.അതിന്റെ മറൂപടിയായി മായ പറയുന്ന ഡയലോഗ്‌ സകല പുരുഷകേസരികളുടെയും അഹങ്കാരതിന്റെ നേരേ ഉള്ള ഒരു വെല്ലുവിളി ആണ്‌

 “തനിക്കൊക്കെ ഒരു വിചാരമുണ്ടു ഏതു പെണ്ണിനെയും അങ്ങു പുളിമാങ്ങ തീറ്റിച്ചു കളയാമെന്ന്”

       
         പിന്നീടു പല സ്ഥലങ്ങളിലും ഇതു പോലെയുള്ള തുറന്നു പറച്ചിലുകൾ മായ പുരുഷവർഗത്തോട്
നടത്തുന്നുണ്ട്.ഫോൺ വിളിച്ചു അല്പം സൗഹൃദമായാലുടൻ "ഡാർലിംഗ് ഇപ്പോൾ ഏതു ഡ്രസ്സാ ഇട്ടിരിക്കുന്നേ "എന്നു ചോദിക്കാൻ ഉളുപ്പില്ലാത്തവന്മാരെ പരിഹാസദ്യോതകമായി മായ പ്രതിപാദിക്കുന്നുണ്ട്.  "തന്നെ നോക്കുന്ന കണ്ണുകളിൽ പ്രേമത്തേക്കാൾ കാമമാണു കാണാൻ കഴിയുന്ന"തെന്ന മായയുടെ പ്രസ്താവന , പ്രായം കടന്നു പോയിട്ടും അവിവാഹിതരായിക്കഴിയുന്ന സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ നിന്നും നേരിടുന്ന ഒരു വലിയ ഭീഷണിയുടെ നേർക്കാഴ്ചയാണ്.


                                                 
പിന്നെ ഈ സിനിമയിലെ ഒരു പ്രധാനപ്പെട്ട ഹൈലൈറ്റ് മദ്യപാനമാണ്.വർദ്ധിച്ചു വരുന്ന മലയാളിയുടെ മദ്യപാനശീലം ഇക്കാലത്തെ എല്ലാ സിനിമകളിലും പ്രതിഫലിക്കുന്നുണ്ട്.പക്ഷേ സ്ത്രീകളുടെ മദ്യപാനത്തെപ്പറ്റിയുള്ള യാഥാർത്ഥ്യം ഈയടുത്ത കാലത്തു ഈ സിനിമയിലാണു പോസിറ്റീവായി പ്രതിഫലിച്ചു കണ്ടത്.ഷാജി കൈലാസ് പോലെയുള്ള സംവിധായകരുടെ തട്ടുപൊളിപ്പൻ സിനിമകളിൽ നായകന്റെയും കൂട്ടരുടെയും മദ്യപാനം ഒരു ഹീറോയിസമായി ചിത്രീകരിക്കുമ്പോൾ സ്ത്രീകളുടെ മദ്യപാനം ഏതോ വലിയ സാമൂഹ്യ വിപത്തായാണ് കാണിക്കുന്നത്.ഇത്തരം സിനിമകളിലെ നായികമാർ പൊതുവെ നായികന്മാരുടെ മസിൽ മാജിക്കും തെരുവുഗുണ്ടായിസവും വെള്ളമടിയും കണ്ട് കോൾ"മയിർ" കൊള്ളുന്ന ശാലീന സുന്ദരികളായിരിക്കും.അതേ സമയം വില്ലത്തികളായി വരുന്ന ചില "അലവലാതി പെൺപിള്ളേർ" (മിർച്ചി ഗേൾസ് എന്നോ ഒക്കെ അറിയപ്പെടുന്നവർ) മദ്യപിക്കുന്നവരും സിഗരറ്റ് വലിക്കുന്നവരുമൊക്കെയായിരിക്കും.

                            മദ്യപാനമോ,സിഗരറ്റു വലിയോ ഒരു നല്ല കാര്യമാണെന്നോ പുരോഗമനത്തിന്റെ ഭാഗമായി ചെറുപ്പക്കാരെല്ലാം ഇത് സ്വീകരിക്കണമെന്നോ ഈ ലേഖകന് അഭിപ്രായമില്ല.പക്ഷേ പുരുഷൻ ചെയ്യുമ്പോൾ വെറുമൊരു തമാശയോ ദുഃശ്ശീലമോ ആകുന്ന മദ്യപാനം, സ്ത്രീകൾ ചെയ്യുമ്പോൾ അശ്ളീലമാകുന്ന രാഷ്ട്രീയത്തോട് യോജിപ്പില്ല എന്നേ പറഞ്ഞുള്ളൂ..
അതുകൊണ്ടാണു ഈ സിനിമയിൽ സ്ത്രീകൾ മദ്യപിക്കുന്ന രംഗം പോസിറ്റീവായി ചിത്രീകരിച്ചിരിക്കുന്നു എന്നു ഞാൻ പറഞ്ഞതു. നായിക അടക്കമുള്ള സ്ത്രീകൾ വട്ടം കൂടിയിരുന്നു മദ്യപിക്കുമ്പോൾ അവർ അവരുടെ വികാരങ്ങൾ പങ്കുവെയ്ക്കുന്നതും തമാശ പറയുന്നതും വളരെ നാച്ച്വറലായി ചിത്രീകരിക്കുമ്പോൾ, അതിൽ അശ്ളീലമൊന്നുമില്ല എന്ന ഒരു പ്രഖ്യാപനമാണു നടത്തിയത്.ഉത്തരാധുനിക സമൂഹത്തിന്റെ മാറ്റങ്ങളെ ഒരു പരിധി വരെ ഉൾക്കൊള്ളുകയും അതു സത്യസന്ധമായി ചിത്രീകരിക്കപ്പെടുകയും ചെയ്ത ഒരു സിനിമ എന്നു ഈ സിനിമയെ നമുക്കു വിശേഷിപ്പിക്കാം.


                    സ്ത്രീയെ കച്ചവടവസ്തുവായോ പുരുഷനിൽ നിന്നും സെക്സ് മാത്രം പ്രതീക്ഷിക്കുന്ന ഒരു വിഡ്ഢിയായോ കരുതുന്ന സമൂഹത്തെ ഒരു സ്വയം വിമർശനത്തിനു വിധേയമാക്കുന്നുണ്ട് ഈ സിനിമ.തന്നെ വയനാട്ടിലെ ഇഞ്ചിത്തോട്ടത്തിനു നടുവിലേയ്ക്കു ക്ഷണിക്കുന്ന സിനിമാസംവിധായകനോടുള്ള മായയുടെ പ്രതികരണവും വളരെ നന്നായിരുന്നു.വലിയ ഗമയിൽ നടന്നു പോകുന്ന സൂപ്പർ സ്റ്റാർ വഴിയിൽ മായയെക്കാണുമ്പോൾ സഹായിയോട് "ആ കുട്ടിയുടെ മൊബൈൽ നമ്പ്ർ വാങ്ങിച്ചോളൂ" എന്നു പറയുന്നു.ഇതിലെല്ലാം ഒളിച്ചിരിക്കുന്ന പരിഹാസശരങ്ങൾ കൊള്ളേണ്ടിടത്തു കൊള്ളുന്നുണ്ട്.
                    ബ്യൂട്ടിപാർലറിൽ സ്ഥിരമായി വരുന്ന സ്ത്രീ പർദ്ദാധാരിയാണെന്നു കാണിക്കുന്നതു വളരെ സ്വാഭാവികമായിട്ടാണെങ്കിലും അടച്ചുപൂട്ടിയിടപ്പെടുന്ന സ്ത്രീകൾക്കു തങ്ങളുടെ സൗന്ദര്യം പ്രദർശിപ്പിക്കാനുള്ള ആഗ്രഹം അമർത്തിവെയ്ക്കേണ്ടി വരുന്ന മൗലികതയെ ശക്തമായി ചോദ്യം ചെയ്യുന്നതു കാണാം.സൗന്ദര്യം സംരക്ഷിക്കാനും അണിഞ്ഞൊരുങ്ങി നടക്കാനുമുള്ള ആഗ്രഹങ്ങൾക്കു മുകളിൽ ഒരു കരിമ്പടമിട്ടു മൂടപ്പെട്ട മുസ്ലിം സ്ത്രീകളുടെ ദുഃഖം നിശബ്ദമായി ഈ ചിത്രം നമ്മോടു പറയുന്നു.
         രണ്ടു തരം പ്രണയങ്ങൾ ഈ ചിത്രത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.ഒരു കൂട്ട് ആഗ്രഹിക്കുന്ന് രണ്ട് പേർ സൗ ഹൃദത്തിലേയ്ക്കും അവിടെ നിന്നും പ്രണയത്തിലേയ്ക്കും എത്തിപ്പെടുന്ന സ്വാഭാവികതയെ അതിമനോഹരമായ ഒരു ഗാനത്തിലൂടെയും ("പ്രേമിക്കുമ്പോൾ നീയും ഞാനും") വ്യത്യസ്തമായ കഥാസന്ദർഭങ്ങളിലൂടെയും ചിത്രീകരിച്ചിരിക്കുന്നു.രണ്ടാം ലോകമഹായുദ്ധം അവസാനിപ്പിച്ച കേക്കിന്റെ കഥ സിനിമയിൽ നന്നായി ഇഴുക്കിച്ചേർത്തിരിക്കുന്നു.തിരുവനന്തപുരം നഗരത്തിലെ ഹാങ് ഔട്ട്  പ്ളേസുകളായ കവടിയാർ-വെള്ളയമ്പലം റോഡും , ഇവിടുത്തെ ക്ളാസ്സ് ഹോട്ടലുകളും ,വൊൾവോ ബസും ഒക്കെ രംഗങ്ങളെ ഹൃദ്യമാക്കുന്നു.മനുവിന്റെയും(ആസിഫ് അലി) മീനാക്ഷിയുടെയും(മൈഥിലി) പ്രേമം വഴിയിൽ കണ്ടിഷ്ടപ്പെട്ട് പുരോഗമിക്കുന്ന ഒരു സാധാരണ പൈങ്കിളി പ്രേമമായി സമാന്തരമായി നീങ്ങുന്നു.അതിന്റെ ഗാനരംഗങ്ങളുടെ("കാണാമുള്ളായ്") ചിത്രീകരണം മനോഹരമായിരുന്നു. 

                           പിന്നെ സ്ഥിരം വില്ലൻ വേഷങ്ങൾ ചെയ്യുന്ന ബാബുരാജിനെ കോമഡി വേഷത്തിലേയ്ക്കു കാസ്റ്റ് ചെയ്റ്റു കൊണ്ടുള്ള പരീക്ഷണം വൻവിജയമായിരുന്നു.കഥയിലുടനീളം നിറഞ്ഞു നിൽക്കുന്ന ആദിവാസിമൂപ്പൻ പ്രകൃതിയിലേയ്ക്കു തിരിഞ്ഞു നോക്കേണ്ടുന്ന ആവശ്യകതയെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു.വിജയരാഘവനും നല്ല പെർഫൊർമൻസ് കാഴ്ച്ചവെച്ചു.പ്രായതിന്റെ അതിരുകളെ ഭേദിക്കുന്ന പ്രണയത്തിന്റെ വക്താവായി..പക്ഷെ ആ പ്രണയത്തിന്റെ സാക്ഷാൽക്കാരത്തിനു ആർക്കിയൊളജി ഡിപ്പാർട്ട്മെന്റിന്റെ പണവും കുറെയാളുകളുടെ പ്രയത്നവും പാഴാക്കുന്നത് അത്ര നല്ലതാണോ??അതൊരു തെറ്റായ സന്ദേശമല്ലെ നൽകുന്നതു?? "വിശപ്പും പ്രണയവും സഹിക്കാൻ പറ്റാതെ ചെയ്യുന്നതല്ലേ ??അങ്ങു ക്ഷെമി ..." എന്നു കരുതാം.

               ഈ ചിത്രത്തെപ്പറ്റി അബൂബക്കർ മലയാളം എന്ന സൈറ്റിൽ എഴുതിയ റിവ്യൂവിൽ(ഇവിടെ ക്ളിക്കു ചെയ്യുക) ഇതു "ഏകപക്ഷീയതയുടെ സിനിമ ആണെന്ന് " എഴുതിക്കണ്ടു. അബൂബക്കർ പറയുന്നു"ശരി, വെറും തമാശെന്നു കരുതി ഇതങ്ങു കണ്ടേക്കാം. പക്ഷേ, ഈ അന്തിമരംഗം വിശകലനവിധേയമാക്കിയാല്‍ ഇതു ഒന്നാംതരം പ്രശ്‌നമാണുണ്ടാക്കുന്നതെന്നു കാണാം. കാളി ആരാണെന്നറിയാതെ അയാളോട്‌ അപമര്യാദയായി പെരുമാറിയ മായ പറഞ്ഞയിടത്തു കാളിയെ കാണാതെ വിഷമിക്കുന്നു. പ്രേമവുമായി ബന്ധപ്പെട്ട ഇത്തരം വിഷമങ്ങളൊക്കെ പെണ്ണിനുള്ളതാണല്ലോ. ഒപ്പം, കാളി ഫോണില്‍ പറയുന്ന വാക്യങ്ങള്‍ ശ്രദ്ധിക്കുക. മായ താനുദ്ദേശിച്ച വിധത്തിലുള്ള ഒരു പെണ്ണല്ലെന്നു നേരിട്ടു ബോദ്ധ്യപ്പെട്ടെന്നും നുണപറഞ്ഞും മറ്റൊരാളെ മായയാണെന്നു പറഞ്ഞ്‌ തന്റെ അരികിലേക്ക്‌ അയച്ചത്‌ ഒരുമാതിരി, അനിയത്തിയെ കാണിച്ച്‌ ചേച്ചിയെ കെട്ടിക്കുന്നതുപോലെയായെന്നും അതുകൊണ്ട്‌ തനിക്കു മായയെ കാണണമെന്നില്ലെന്നുമാണ്‌ കാളി പറയുന്നത്‌. മായ തന്റെ തെറ്റു മനസ്സിലാക്കി, കുറ്റബോധത്തിലും നഷ്‌ടബോധത്തിലും അമര്‍ന്ന്‌ കരയുന്നു. തകര്‍ന്നു തരിപ്പണമായി നിലത്തിരിക്കുന്നു.
ഇവിടെ ശ്രദ്ധിക്കുക - നുണ പറഞ്ഞതും ആള്‍മാറാട്ടം നടത്തിയതും മായ മാത്രമല്ല. കാളിദാസനുംകൂടിയാണ്‌. കാളിദാസന്‍ എന്ന ആണിനു നുണപറയാം. അതൊരു നുണയും ആള്‍മാറാട്ടവും വഞ്ചനയുമായി പരാമര്‍ശിക്കുന്നുപോലുമില്ല. അതേ നുണ, വഞ്ചന, ആള്‍മാറാട്ടം നടത്തിയ കാളിദാസന്‌ അത്‌ അവകാശപരമായ കാര്യമാണ്‌. മായയ്‌ക്ക്‌ തിരിച്ചുചോദിക്കാമായിരുന്നില്ലേ, അല്ല മിസ്റ്റര്‍ കാളിദാസന്‍... നുണ പറഞ്ഞതു ഞാന്‍ മാത്രമാണോ, ആള്‍മാറാട്ടം നടത്തിയതു ഞാന്‍ മാത്രമാണോ... നിങ്ങളും അതുതന്നെയല്ലേ ചെയ്‌തത്‌...

ഈ ചോദ്യം ചോദിക്കാതെ കുറ്റബോധത്താല്‍ കണ്ണീരണിയുന്ന മായ ഏകപക്ഷീയമായ നുണയുടെയും വഞ്ചനയുടെയും കുറ്റബോധത്തിന്റെയും രാഷ്‌ട്രീയമെന്ത്‌ എന്ന ചോദ്യമുയര്‍ത്തുന്നു. അവിടെയാണ്‌ ഈ സിനിമയും അതിന്റെ പുതുമാനാട്യവും പൊളിഞ്ഞുവീഴുന്നത്‌."

         ഇതൊരു തെറ്റായ വിലയിരുത്തലായാണ് എനിക്കു തോന്നുന്നതു.കാരണം കാളിദാസനും സബ്സ്റ്റിറ്റ്യൂട്ടിനെ വയ്ക്കുകയാണ് എന്നതറിയാത്ത മായയോടു ഒരു തമാശ കളിക്കുക മാത്രമാണ്  കാളിദാസൻ ചെയ്യുന്നത്.പിന്നീട്  "നമുക്കു രണ്ട് പേർക്കും ഒരു കോംപ്ളക്സുണ്ടായിരുന്നു , അതാണ്  നമ്മൾ രണ്ട് പേരും സബ്സ്റ്റിറ്റ്യൂട്ടിനെ വെച്ചതു" എന്നു തുറന്നു പറയുന്നുണ്ട്.വിമർശനാത്മകമായിക്കാണുകയാണെങ്കിൽ പല കുറ്റങ്ങളും നമുക്കു കണ്ടെത്താൻ കഴിയും.എന്നാൽ വളരെ നാളുകൾക്കു ശേഷം വന്ന ഒരു വ്യത്യസ്തമായ ഒരു സിനിമ എന്ന നിലയിൽ ഈ സിനിമ നിലവാരം പുലർത്തി എന്നു വേണം പറയാൻ.അതിലുപരി ഉത്തരാധുനിക സമൂഹത്തിന്റ്റെ ജീവിതശൈലിയ്ക്കും  സ്ത്രീപക്ഷചിന്തകൾക്കും ഒരിടം ഈ സിനിമയിലുണ്ട്...
                                              



3 comments:

  1. മദ്യപാനമോ,സിഗരറ്റു വലിയോ ഒരു നല്ല കാര്യമാണെന്നോ പുരോഗമനത്തിന്റെ ഭാഗമായി ചെറുപ്പക്കാരെല്ലാം ഇത് സ്വീകരിക്കണമെന്നോ ഈ ലേഖകന് അഭിപ്രായമില്ല.പക്ഷേ പുരുഷൻ ചെയ്യുമ്പോൾ വെറുമൊരു തമാശയോ ദുഃശ്ശീലമോ ആകുന്ന മദ്യപാനം, സ്ത്രീകൾ ചെയ്യുമ്പോൾ അശ്ലീലമാകുന്ന രാഷ്ട്രീയത്തോട് യോജിപ്പില്ല എന്നേ പറഞ്ഞുള്ളൂ..

    അതുകൊണ്ടാണു ഈ സിനിമയിൽ സ്ത്രീകൾ മദ്യപിക്കുന്ന രംഗം പോസിറ്റീവായി ചിത്രീകരിച്ചിരിക്കുന്നു എന്നു ഞാൻ പറഞ്ഞതു
    . നായിക അടക്കമുള്ള സ്ത്രീകൾ വട്ടം കൂടിയിരുന്നു മദ്യപിക്കുമ്പോൾ അവർ അവരുടെ വികാരങ്ങൾ പങ്കുവെയ്ക്കുന്നതും തമാശ പറയുന്നതും വളരെ നാച്ച്വറലായി ചിത്രീകരിക്കുമ്പോൾ, അതിൽ അശ്ളീലമൊന്നുമില്ല എന്ന ഒരു പ്രഖ്യാപനമാണു നടത്തിയത്.ഉത്തരാധുനിക സമൂഹത്തിന്റെ മാറ്റങ്ങളെ ഒരു പരിധി വരെ ഉൾക്കൊള്ളുകയും അതു സത്യസന്ധമായി ചിത്രീകരിക്കപ്പെടുകയും ചെയ്ത ഒരു സിനിമ എന്നു ഈ സിനിമയെ നമുക്കു വിശേഷിപ്പിക്കാം.

    ReplyDelete
  2. സുധീഷിന്റെ നിരീക്ഷണങ്ങൾ സിനിമയുടെ പുരോഗമനസ്വഭാവത്തെ വെളിപ്പെടുത്തുന്നു. സത്യത്തിൽ, കറന്റ് ആയ ആശയങ്ങൾ പാസ്സീവായിപ്പോലും നമ്മുടെ സിനിമയിൽ കാണാറില്ല. ആശയങ്ങളുടെ കാര്യത്തിൽ, പൊതുവെ പഴഞ്ചരക്കാണെല്ലാം. കോമഡിയ്ക്കപ്പുറം, ഇക്കാര്യത്തിലെ വ്യത്യസ്തതയിലേക്കു ശ്രദ്ധ ക്ഷണിച്ചതു നന്നായി ആശംസകൾ.!

    ReplyDelete
  3. good movie but not the best,but best with current movies,but worst with old movies,but best with audience,but worst in good movies

    ReplyDelete